സെക്രട്ടറിയേറ്റ് മാർച്ച് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.
സെക്രട്ടറിയേറ്റ് മാർച്ച് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഒരാഴ്ചയായി രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ കഴിയുകയാണ്. സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിലാണ് രാഹുൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഇന്നലെ അറസ്റ്റ് ചെയ്ത കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലും രാഹുൽ പ്രതിയാണ്. ഈ കേസിലെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചാൽ രാഹുലിന് ജയിൽ മോചിതനാകാം.
അതേസമയം, ഇന്ന് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിക്കും. രാഹുലിന് ജാമ്യം ലഭിച്ചില്ലെങ്കിൽ നാളെ സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ഒരാഴ്ചക്കാലം സംസ്ഥാന വ്യാപകമായി പ്രാദേശിക തലങ്ങളിൽ ഉൾപ്പെടെ യൂത്ത് കോൺഗ്രസിന് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.