ഡോ.വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അച്ഛൻ കെ ജി മോഹൻദാസാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഉത്തരവാദിത്തത്തിൽ നിന്ന് പൊലീസ് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നും ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. അന്വേഷണത്തിൽ പൊലീസിന് ഉദാസീനതയുണ്ടെന്നും ഇതിനാൽ സിബിഐ അന്വേഷണം അനിവാര്യമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു.
മേയ് 10-ന് രാത്രിയിലാണ് ഡോ. വന്ദന ദാസിനെ ജോലിക്കിടെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ഹോംഗാര്‍ഡ് അലക്സ് കുട്ടിയുടെ തലയ്ക്ക് ആറ് കുത്തേറ്റിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെതന്നെയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.