കൊച്ചി: നാലാം ക്ലാസ് വിദ്യാര്‍ഥിനി റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോള്‍ സ്‌കൂള്‍ ബസിന് അടിയില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്‌കൂളിലെ ബസ് ഡ്രൈവര്‍ ഉമ്മറിന്റെ (54) ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ 12ന് ഒക്കലിലാണ് അപകടമുണ്ടായത്.
സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോള്‍ ഡ്രൈവര്‍ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ബസിന്റെ അടിയില്‍ ഇരുവശങ്ങളിലെയും ചക്രങ്ങള്‍ക്ക് നടുവില്‍ വീണതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പുറത്ത് വന്നിരുന്നു.