Newsperseconds.com

അയോധ്യയിലെ പ്രാണപ്രതിഷ്ഠ; വിവിധ സംസ്ഥാനങ്ങളിൽ ആഘോഷ പരിപാടികൾ നടക്കും, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കും

Untitled Design (22)

അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികൾ നടക്കും. ബിജെപിയുടേയും ഹിന്ദു സംഘടനകളുടേയും നേതൃത്വത്തിലാണ് പരിപാടികൾ നടക്കുക. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകൾ ഉണ്ടാവുക.

തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ബിജെപി നേതാക്കളും പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിലാകും പങ്കെടുക്കുക. വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. അയോധ്യ പ്രാണ പ്രതിഷ്ഠാദിനത്തിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും വിശേഷാൽ നേർച്ചകളും നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെയും അയോധ്യ ട്രസ്റ്റിന്‍റെയും പേരിൽ ഭക്തര്‍ നേർച്ചകൾ കഴിക്കുന്നുണ്ട്. വൈകിട്ട് ചുറ്റുവിളക്കും നേർച്ചയുമുണ്ട്.

ദില്ലിയടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്തരേന്ത്യയിൽ വലിയ ആഘോഷമാണ് സംഘപരിവാർ സംഘടനകളുടെയും വ്യാപാര സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്നത്. തെരുവുകളിലും ക്ഷേത്രങ്ങൾക്ക് മുന്നിലും വാഹനങ്ങളിലുമെല്ലാം ജയ് ശ്രീറാം എന്നെഴുതിയ കൊടി തോരണങ്ങളാണ് ദില്ലിയടക്കമുള്ള നഗരങ്ങളിൽ കാണുന്നത്. വലിയ ഫ്ലക്സ് ബോർഡുകളും ഇവിടങ്ങളിൽ കാണാം. ഇതര രാഷ്ട്രീയപാർട്ടികളും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദില്ലിയിലെ പ്രധാനവ്യാപാരകേന്ദ്രമായ സരോജനി മാർക്കറ്റിൽ ഇന്ന് 51 കിലോ ലഡു വിതരണം ചെയ്യും. ചിരാതും തെളിക്കും. ക്ഷേത്രങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഭോപ്പാൽ, ജയ്പൂർ, നോയിഡ, ഇൻഡോർ, കൊൽക്കത്ത ഉൾപ്പെടെ നഗരങ്ങളിലും വിപുലമായ ആഘോഷങ്ങളുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ സമ്പൂർണമോ നിയന്ത്രിതമോ ആയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഇന്ന് ഉച്ചവരെ അവധി ആയിരിക്കും.

Share this Article

Leave a Comment