എറണാകുളം: കെഎസ്‌യു -എസ്എഫ്‌ഐ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ അടച്ചു പൂട്ടിയ മഹാരാജാസ് കോളേജില്‍ ഇന്ന് വീണ്ടും ക്ലാസുകള്‍ തുടങ്ങി. വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടായ തീരുമാനത്തിലാണ് കോളേജ് തുറന്നത്. എന്നാല്‍ കോളേജ് തുറന്നപ്പോള്‍ ഇന്ന് 30 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ക്ലാസിലെത്തിയത്. ഹാജര്‍നില വളരെ കുറവായിരുന്നു. എന്നാല്‍ മറ്റന്നാള്‍ മുതല്‍ വീണ്ടും തുടര്‍ച്ചയായ അവധി ദിനങ്ങളായത് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ എത്താത്തെന്ന് അധ്യാപകര്‍ പറയുന്നത്.
അതേസമയം, യൂണിറ്റ് പ്രസിഡന്റിന് നേരെയുണ്ടായ അതിക്രമത്തില്‍ ഉള്‍പെട്ടവര്‍ക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ സമരത്തിലാണ്. കോളേജില്‍ പൊലീസ് സാന്നിധ്യം ഇപ്പോഴും തുടരുന്നുണ്ട്. കോളേജിലെ യൂണിയന്‍ അഡൈ്വസറായ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകന്‍ ഡോക്ടര്‍ കെ എം നിസാമിനെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിനകത്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പ്രതിഷേധം തുടരുന്നുണ്ട്.