തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഭാഗം മാത്രം വായിച്ച ഗവര്‍ണറുടെ നടപടിയില്‍ തെറ്റ് കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാല്‍ മതി. പൂര്‍ണ്ണമായും വായിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, ഗവര്‍ണര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം, അതിനെക്കുറിച്ച് നമുക്ക് അറിയില്ലല്ലോ, അത് കൊണ്ട് തന്നെ മറ്റൊരര്‍ത്ഥത്തില്‍ ഇതിനെ കാണേണ്ടതില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.
15ാം നിയമസഭയുടെ 10-ാം സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റും 17 സെക്കന്റും മാത്രം വായിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്ന് പോകുകയായിരുന്നു. പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനമാണുള്ളത്. ഈ ഭാഗമാണ് ഗവര്‍ണര്‍ വായിക്കാതെ മാറ്റിവെച്ചത്.