തിരുവനന്തപുരം: തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെര്‍ഡിന്‍ (19) ലിബിനോണ്‍ (19) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ദാരുണമായ സംഭവം നടന്നത്. ഇവരൊടൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളായണി കായലില്‍ വവ്വാ മൂലയിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. അവധി ദിനമായതിനാല്‍ സുഹൃത്തുക്കള്‍ ഒന്നിച്ച് വന്നതായിരുന്നു.
സാധാരണയായി ആളുകള്‍ കുളിക്കാന്‍ ഇറങ്ങുന്ന സ്ഥലമാണെങ്കിലും ചെളി ഉള്ളതിനാല്‍ അപകടമേഖലയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാലുപേരും കുളിക്കാനിറങ്ങിയെങ്കിലും മൂന്നുപേര്‍ ചെളിയില്‍ കുടുങ്ങി മുങ്ങി പോവുകയായിരുന്നു. നാട്ടുകാര്‍ എത്തിയാണ് മൂന്ന് പേരെയും പുറത്തെടുത്തത്.