ബെംഗളൂരു: ബെംഗളൂരുവിലെ കല്യാണ്‍ നഗറില്‍ പ്രീ-സ്‌കൂളിലെ നാലുവയസ്സുകാരി സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഐടി ജീവനക്കാരനായ കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫ്-ബിനീറ്റ ദമ്പതികളുടെ മകള്‍ ജിയന്ന ആന്‍ ജിറ്റോ ആണ് മരിച്ചത്.
ജനുവരി 22 ന് നടന്ന അപകടത്തില്‍ തലയോട്ടിയിലും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റ ജിയന്ന ആന്‍ ജിറ്റോ ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മരണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നത്. പിന്നീട് സ്‌കൂളിന്റെ പ്രിന്‍സിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാന്‍, കണ്ടാല്‍ അറിയുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
കുട്ടികളെ നോക്കാന്‍ രണ്ട് ആയമാരുണ്ട്. എന്നിട്ടും കുട്ടി എങ്ങനെ ടെറസിന് മുകളില്‍ എത്തി എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേ സമയം, കെട്ടിടത്തിന് മുകളില്‍ നിന്ന് കുട്ടി വീണിട്ടും അടുത്തുള്ള ക്ലിനിക്കില്‍ മാത്രമാണ് കുട്ടിയെ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും വീട്ടുകാര്‍ ആരോപിച്ചു.