ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടത്തിയ നാടകത്തിൽ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. അസി. രജിസ്ട്രാർ ടിഎ സുധീഷ്, കോർട്ട് കീപ്പർ പിഎം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു.
ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും നൽകിയ പരാതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. ‘വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ഒൻപതു മിനിറ്റോളം രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചുവെന്നാണ് പരാതി. അസി. രജിസ്ട്രാർ ടി എ സുധീഷ് ആണ് നാടകം രചിച്ചത്. വിജിലൻസ് റജിസ്ട്രാർ അന്വേഷിക്കും.
പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും നാടകത്തിൽ അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. ഹൈക്കോടതി ജീവനക്കാരും അഡ്വ.ജനറൽ ഓഫിസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു നാടകം അവതരിപ്പിച്ചത്.