തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേനയ്ക്ക് നല്‍കിയതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ നാടകീയ രംഗങ്ങളാണ് ഇന്ന് കണ്ടത്. ഗവണര്‍ക്ക് ആരോഗ്യപരമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. . ഗവര്‍ണര്‍ പ്രത്യേകമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നും സിആര്‍പിഎഫിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സേനയ്ക്ക് നല്‍കിയത് വിചിത്ര തീരുമാനമാണ്. ഗവര്‍ണര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് തനിക്ക് പറയാനാകില്ല അദ്ദേഹം പ്രത്യേക നിലപാടാണ് സ്വീകരിക്കുന്നത്, അദ്ദേഹം പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ നടത്തുന്നു. ഗവര്‍ണ്ണറുടെ സുരക്ഷക്കെത്തിയ സിആര്‍പിഎഫിന് കേസെടുക്കാനാകുമോയെന്നും ഗവര്‍ണ്ണര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സിആര്‍പിഎഫിന് പ്രവര്‍ത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കോഴിക്കോട് മിഠായിതെരുവില്‍ ഇറങ്ങി അദ്ദേഹം എന്താണ് കാണിച്ചത്. പോലീസിന്റെ ജോലി അവര്‍ ചെയ്യും. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് നേരെ പ്രതിഷേധ നടപടികള്‍ ഉണ്ടാകും. എന്നു വെച്ച് കാറില്‍ നിന്നിറങ്ങി റോഡില്‍ ഇരിക്കുന്ന അധികാരിയെ ഇതുവരെ കണ്ടിട്ടില്ല. പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്നറിയാന്‍ എഫ്ഐആര്‍ കാണണമെന്ന് എതെങ്കിലും ഗവര്‍ണര്‍ പറയുമോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.