കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് യാത്രക്കാര്‍ക്ക് മറ്റു എയര്‍പോര്‍ട്ടുകളേക്കാള്‍ ഇരട്ടിയോളം യാത്രാ നിരക്ക് കൂട്ടി എയര്‍ ഇന്ത്യക്ക് ടെണ്ടര്‍ കൊടുത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലീം ലീഗ് പ്രതിഷേധത്തിലേക്ക്. നിരക്ക് കൂടിയതില്‍ കേന്ദ്ര,കേരള സര്‍ക്കാരുകള്‍ മറുപടി പറയണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു. അതേ സമയം, എയര്‍ ഇന്ത്യ സൗദി എയര്‍ലൈന്‍സിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ റീ ടെന്‍ഡര്‍ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു.
കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിച്ചത് നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണെന്നും വീണ്ടും അതിനെ ഞെക്കിക്കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുസ്ലീം ലീഗ്ആരോപിച്ചു. പൊതുമേഖലാ സംരംഭങ്ങള്‍ തകര്‍ക്കുന്നതിന്റെ ഭാഗം കൂടിയാണിതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഏറ്റവും കൂചുതല്‍ ഹജ്ജ് തീര്‍ത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരില്‍ നിന്നാണ്. അത് കൊണ്ട് തന്നെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിരിക്കുന്നത്. ഇത്തവണ പതിനാലായിരത്തോളം തീര്‍ത്ഥാടകരാണ് കരിപ്പൂര്‍ വഴി യാത്രയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്.