ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയായ ഇതരസംസ്ഥാനക്കാരി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ പ്രതികള്‍ക്ക് 90 വര്‍ഷം തടവ്. തമിഴ്‌നാട് സ്വദേശികളായ സുഗന്ദ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്ക് 90 വര്‍ഷം കഠിന തടവ് വിധിച്ചത്.
2022 ല്‍ നടന്ന സംഭവത്തില്‍ ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം തേയില തോട്ടത്തില്‍ ഇരിക്കവെയാണ് പെണ്‍കുട്ടിയെ ഒരു സംഘം ചേര്‍ന്ന് ആക്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടികൂടിയതിനെ തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കേസിലെ ആറു പ്രതികളില്‍ ഒരാളെ വെറുതെ വിട്ടു. ഇവരില്‍ 4 പേരുടെ വിചാരണ പൂര്‍ത്തിയായി. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ശിക്ഷകളെല്ലാം 25 വര്‍ഷം ഒന്നിച്ചനുഭവിച്ചാല്‍ മതി. നാല്‍പതിനായിരം രൂപ പിഴയും വിധിച്ചു.