കോഴിക്കോട്: എന്‍സിഇആര്‍ടി സാമൂഹിക പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ ആക്കണമെന്ന എന്‍സിഇആര്‍ടി സമിതിയുടെ ശുപാര്‍ശയെ ന്യായീകരിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകള്‍ ഭരണഘടനയില്‍ ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ശുപാര്‍ശ ഭരണഘടനയ്ക്ക് അനുസൃതമാണെന്നും ‘ഭാരത്’ എന്ന പേര് നാമകരണം ചെയ്തതാണെന്നും ‘ഇന്ത്യ’ എന്നത് മറ്റുള്ളവര്‍ നല്‍കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഭാരത്’ എന്ന വാക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ സംബന്ധിച്ച് എന്‍സിആര്‍ടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയത്. ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകള്‍ കേരളം തേടിയിട്ടുണ്ട്.
വിവിധ വിഷയങ്ങളില്‍ പൊസിഷന്‍ പേപ്പറുകള്‍ തയ്യാറാക്കുന്നതിനായി നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് രൂപീകരിച്ച സമിതികളില്‍ ഉള്‍പ്പെടുന്ന ഏഴംഗ സോഷ്യല്‍ സയന്‍സസ് കമ്മിറ്റിയാണ് ശുപാര്‍ശകള്‍ നല്‍കിയത്.