ബംഗളൂരു: തണ്ണീര്‍ കൊമ്പന് ചരിഞ്ഞ സംഭവത്തില്‍ വിദഗ്ധ സമിതി അന്വേഷണം നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. ബന്ദീപൂരില് വെച്ചാണ് സംഭവം ആന ചരിഞ്ഞത്. മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞതായും മന്ത്രി പറഞ്ഞു. അഞ്ചംഗ സമിതിയാകും അന്വേഷണത്തിലുണ്ടാകുക.
കര്‍ണാടക- കേരള സര്ജന്മാരുടെയും സംയുക്ത സംഘമാണ് ആനയുടെ പോസ്മോര്‍ട്ടം നടത്തുക. ചരിഞ്ഞതിന്റെ കാരണം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമല്ല. മയക്കുവെടിയുടെ സൂചി കൊണ്ടത് പോലും മാധ്യമങ്ങള്‍ നേരിട്ട് കണ്ടതാണ്. അത്രയും സുതാര്യമായാണ് ദൗത്യം നടന്നത്. ഇനിയുള്ള തുടര്‍നടപടികളും സുതാര്യമാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തണ്ണീര്‍ കൊമ്പനെ വയനാട്ടില്‍ നിന്നും പിടികൂടി കര്‍ണാടകയിലെ രാമപുര എലഫന്റ് ക്യാമ്പില്‍ എത്തിച്ചിരുന്നു. 20 ദിവസത്തിനിടയില്‍ രണ്ടാമത്തെ തവണയാണ് കൊമ്പന് മയക്കുവെടി പ്രയോഗിക്കുന്നത്. സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. വിജിലന്‍സിന്റെയും വെറ്റിനറി വിദഗ്ധരുടെയും എന്‍ജിഒയുടെയും സംഘമാണ് അന്വേഷിക്കുക.