ഡോ.വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അച്ഛന്‍ കെ ജി മോഹന്‍ദാസാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിധി പറയുക.
ഉത്തരവാദിത്തത്തില്‍ നിന്ന് പൊലീസ് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തില്‍ പൊലീസിന് താല്‍പര്യമില്ലെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ പൊലീസിന് ഉദാസീനതയുണ്ടെന്നും ഇതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നു.
മേയ് 10-ന് രാത്രിയിലാണ് ഡോ. വന്ദന ദാസിനെ ജോലിക്കിടെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ഹോംഗാര്‍ഡ് അലക്‌സ് കുട്ടിയുടെ തലയ്ക്ക് ആറ് കുത്തേറ്റിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെതന്നെയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.