Newsperseconds.com

സംസ്ഥാനത്ത് സൈബര്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം കൂടുതല്‍ മികച്ചതാക്കും; മുഖ്യമന്ത്രി

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെ വേണ്ട പ്രാധാന്യത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ഷം തോറും കൂടിവരികയാണ്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രായഭേദമന്യേ പ്രശ്‌നങ്ങളില്‍ പെടുകയാണ്. ചിലര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. ഇതിനെതിരെ ആവശ്യമായ ബോധവല്‍ക്കരണം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസില്‍ പുതുതായി രൂപവല്‍ക്കരിച്ച സൈബര്‍ ഡിവിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം, വിവിധ ജില്ലകളില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകളും നഗ്നചിത്രങ്ങളും മറ്റും ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളും വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകളും വര്‍ധിച്ചുട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ സൈബര്‍ പൊലീസ് സ്റ്റേഷനുകളിലെ അംഗബലം കൂട്ടുമെന്നും സൈബര്‍ സാങ്കേതിക മേഖലയിലെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം കൂടുതല്‍ മികച്ചതാക്കും. സാമ്പത്തിക തട്ടിപ്പിനെതിരെ സമൂഹം ജാഗ്രത പാലിക്കണം. പൊലീസുകാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും
മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment