മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ പട്ടാപകല്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം. യുവാവിനെ പോലീസ് പിടികൂടി. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി ഹാരിസിനെ (43) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഊട്ടിയില്‍ നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം. ഗുഡല്ലൂരില്‍ നിന്നാണ് യുവാവ് ബസില്‍ കയറിയത്. ആദ്യം കാല്‍ കൊണ്ട് സീറ്റിനടിയിലൂടെ പെണ്‍കുട്ടിയെ മോശമായ രീതിയില്‍ തൊടുകയായിരുന്നു. പിന്നീട് കൈകൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉപദ്രവം തുടര്‍ന്നതോടെ പെണ്‍കുട്ടി സംഭവം ബസ് ജീവനക്കാരെ അറിയിച്ചു. പിന്നാലെ സഹയാത്രികരും പ്രതിയെ ചോദ്യം ചെയ്തു.
എന്നാല്‍, പ്രതി കുറ്റം സമ്മതിച്ചില്ല. തുടര്‍ന്ന് യാത്രക്കാരും പ്രതിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പൊലീസില്‍ പരാതി നല്‍കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ ബസ് യാത്രക്കാരുമായി ബസ് നേരെ വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.