തൊടുപുഴ: അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് കസേരയിട്ട് റോഡിലിരുന്ന വണ്ടിപ്പെരിയാര്‍ സ്വദേശിനിക്ക് സഹായഹസ്തവുമായി കോണ്‍ഗ്രസ്. 90 വയസ്സുള്ള കറുപ്പ് പാലത്ത് പൊന്നമ്മയാണ് പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് റോഡില്‍ കസേരയിട്ട് ഇരുന്നത്. റോഡില്‍ കസേരയിട്ട് ഒന്നര മണിക്കൂറാണ് പ്രതിഷേധിച്ചത്. പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മ പറയുകയായിരുന്നു. പിന്നീടു വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെ വീട്ടിലേക്കു മാറ്റുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പൊന്നമ്മയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊന്നമ്മയുടെ വീട്ടിലെത്തി ഒരു മാസത്തെ പെന്‍ഷനും ഭക്ഷ്യക്കിറ്റും നല്‍കി. പൊന്നമ്മ റോഡിലിരുന്നതിനെ തുടര്‍ന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വന്നു. സ്വകാര്യ ബസ് അടക്കമാണ് അല്‍പ്പനേരത്തേയ്ക്ക് കുടുങ്ങിയത്.