എറണാകുളം: കേരളത്തില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്ത കേസില്‍ പ്രതി റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിനതടവ്. വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി1,25,000 പിഴയും വിധിച്ചിട്ടുണ്ട്. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. പ്രതി ജയിലില്‍ കഴിഞ്ഞ നാലു വര്‍ഷം കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യും.
യുഎപിഎ യിലെ സെക്ഷന്‍ 38,39 വകുപ്പുകളും ഗൂഡലോചനയുമടക്കമുള്ള കുറ്റങ്ങള്‍ ആണ് ചുമത്തിയത്. കേരളത്തില്‍ ചാവേര്‍ അക്രമണങ്ങള്‍ നടത്താന്‍ സമൂഹമാധ്യമങ്ങള്‍ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തി എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി.
2018 മെയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും സ്‌ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. സ്വയം ചാവേറായി ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ഇതിന് തയ്യാറെടുക്കുന്നതിനിടെയാണ് അബൂബക്കര്‍ പിടിയിലായതെന്നും എന്‍ഐഎ സംഘം പറഞ്ഞിരുന്നു.