Newsperseconds.com

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ പ്രതികരിച്ച് എ സുരേഷ്; തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വി എസ്സിന്റെ മകളുടെ ചിത്രവും അടിക്കുറിപ്പും

Untitled 1

എക്‌സാലോജിക്ക് കേസ് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് വന്‍ തിരിച്ചടിയാവുമ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് വിഎസ്സിന്റെ പേര്‍സണല്‍ അസിസ്റ്റന്റ് എ സുരേഷ് രംഗത്ത്. മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെയാണ് എ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് നല്‍കിയ ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്.

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്തും പിണറായിക്കെതിരെ തന്റെ പ്രതിഷേധങ്ങള്‍ പല രീതിയിലും അറിയിച്ച ആളാണ് എ സുരേഷ്. ഇപ്പോഴും അദ്ദേഹം അത് തുടരുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ വി.എസ് അച്യുതാനന്ദന്റെ മകള്‍ വിവി ആശയുടെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്.

‘പ്രിയപ്പെട്ട ആശ ചേച്ചി. അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. എനിക്ക് സഹോദരീ തുല്യം. ഇടയ്ക്കിടെ എന്റെ ക്വാര്‍ട്ടേസില്‍ എത്തുകയും ഷീബയോട് കുറെ നേരം സംസാരിച്ചിരിക്കുകയും കുട്ടികള്‍ക്ക് ഒരു ബണ്ടില്‍ സ്‌നാക്ക്‌സ് കൊണ്ട് വരികയും അവരോട് മാതൃ വാത്സല്യത്തോടെ ഇടപെടുകയും ചെയ്യുന്ന എന്റെയും ഷീബയുടെയും പിറക്കാതെ പോയ സഹോദരി. രാജീവ് ഗാന്ധി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റ്. ആരെങ്കിലും എന്തെങ്കിലും സഹായവുമായി ചേച്ചിയെ സമീപിച്ചാല്‍ അവര്‍ക്ക് ഉദ്ദേശിച്ച കാര്യം നടന്നിരിക്കും. അതാണ് ചേച്ചിയുടെ ഗ്യാരന്റി. പ്രിയപ്പെട്ട ആശ ചേച്ചി സ വി എസ്സിന്റെ മകള്‍ കൂടിയാണ്..’ എന്നതായിരുന്നു എക്‌സാലോജിക്ക് വിധിയില്‍ അദ്ദേഹം പ്രതികരിച്ചത്.

എ സുരേഷിന്റെ പോസ്റ്റിനടിയില്‍ നിരവധി പേരാണ് കമന്റുമായി എത്തിയത്. പ്രത്യക്ഷത്തില്‍ എ സുരേഷ് വീണവിജയനെ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍, പിണറായി വിജയന്റെ മകള്‍ തട്ടിപ്പുകാരിയാണെന്ന സൂചനയാണ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയാതെ പറയുന്നതെന്ന് വ്യക്തം. കമ്പനിയുടെ പ്രമോട്ടര്‍മാരില്‍ ഒരാളായ മുഖ്യമന്ത്രിയുടെ മകള്‍ വീണയാണ് കേസില്‍ ആരോപണ വിധേയയായി നില്‍ക്കുന്ന പ്രധാനി. അതിനാല്‍ തന്നെ ഇടക്കാല വിധി വീണയ്ക്ക് നിര്‍ണായകമാണ്. എക്‌സാലോജിക് – സിഎംആര്‍എല്‍ ഇടപാടുകളില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു.

Share this Article

Leave a Comment