മാനന്തവാടി: കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണമുണ്ടായതിനു പിന്നാലെ വയനാട് കത്തിക്കണമെന്ന് ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പോളിനെ കാട്ടാന ആക്രമിച്ചതിനു പിന്നാലെയാണ് സന്ദേശം പുറത്തുവന്നത്. സംഭവത്തില്‍ മാനന്തവാടി പൊലീസ് കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്തു.
കാട്ടാനയുടെ അക്രമണത്തിന് ഇരയായ ആള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വയനാട് കത്തിക്കണം, അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നാണു പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ളത്. സന്ദേശം പ്രചരിപ്പിച്ച ആള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് കുറുവ ദ്വീപിലെ ജീവനക്കാരനായ പോളിനെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയത്. വയനാട്ടിലെ ജനവാസ മേഖലകളില്‍ കഴിഞ്ഞ ഒരു മാസമായിട്ട് വന്യജീവികള്‍ ഭീതി പടര്‍ത്തുകയാണ്. പാക്കം മേഖലയില്‍ നിന്നുള്ള കുറുവദ്വീപിലേക്കുള്ള എന്‍ട്രന്‍സില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് കാട്ടാനായുടെ ആക്രമണം ഉണ്ടായത്.