ആലപ്പുഴ: പിടി അധ്യാപകന്‍ ശരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 13 വയസുകാരന്റെ മരണത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് മാര്‍ച്ച്. കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്.
കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രജിതാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പിടി അധ്യാപകന്‍ വഴക്കു പറയുകയും അടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടി മാനസികമായി തളര്‍ന്നിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്‌ക്കൂള്‍ വിട്ട് വീട്ടിലെത്തിയ പ്രജിത് യൂണിഫോമില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച അവസാന പിരീയഡിന് പ്രജിത്തിനെയും സഹപാഠിയായ വിജയ്‌നേയും ക്ലാസില്‍ കണ്ടില്ല. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ മൈക്കില്‍ അനൗണ്‍സ്‌മെന്റ് നടത്തി. ഉടന്‍ കുട്ടികള്‍ തിരിച്ചെത്തുകയായിരുന്നു. വിജയ് തലകറങ്ങി വീണതിനെ തുടര്‍ന്ന് വെള്ളം എടുക്കാന്‍ പോയതാണെന്ന് പറഞ്ഞെങ്കിലും അധ്യാപകര്‍ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പിടി അധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരല്‍ കൊണ്ട് പല തവണ തല്ലുകയും ചെയ്തുവെന്ന് കുട്ടികളും രക്ഷിതാക്കളും പോലീസിനോട് പറഞ്ഞു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം സ്‌കൂള്‍ അധികൃതര്‍ തളളി. പ്രജിത്തിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.