വയനാട്: പുല്‍പ്പള്ളിയെ ഭീതിയിലാക്കി വീണ്ടും കടുവ ഇറങ്ങി. പട്ടാപ്പകല്‍ കുറിച്ചിപ്പറ്റയിലാണ് കടുവ ഇറങ്ങിയത്. കടുവയുടെ ആക്രമണത്തില്‍ ഒരു പശു ചത്തു. ആളുകള്‍ നോക്കി നില്‍ക്കെയാണ് കടുവ പശുവിനെ കടിച്ചു കീറിയത്. ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവമുണ്ടായത്. കിളിയാങ്കട്ടയില്‍ ശശിയുടെ പശുക്കളെയാണ് കടുവ ആക്രമിച്ചത്.
ശശിയും സമീപവാസികളും വനത്തോട് ചേര്‍ന്നുള്ള വയലില്‍ പശുക്കളെ മേയ്ക്കുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. ഈ സമയം വനത്തില്‍ നിന്നും കടുവ ഇറങ്ങി വന്ന് പശുക്കളെ അക്രമിക്കുകയായിരുന്നു. വയലിലുണ്ടായിരുന്ന പശുക്കളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ആദ്യം പിടികൂടിയ പശു രക്ഷപെട്ടതോടെ രണ്ടാമത്തെ പശുവിനെ ആക്രമിക്കുകയായിരുന്നു. ശശിയും നാട്ടുകാരും ബഹളം വച്ചതോടെയാണ് പശുക്കളെ ഉപേക്ഷിച്ച് കടുവ വനത്തിലേക്ക് തിരിച്ചുപോയത്. വനം വകുപ്പ് സ്ഥലത്തെത്തിയിട്ടുണ്ട്.