കല്‍പ്പറ്റ: വയനാട് വന്യജീവി അക്രമണത്തെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ നടത്തിയ പ്രതിഷേധത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. പാക്കം ഭഗവതിപറമ്പില്‍ ബാബു, പാടിചിറ ഉറുമ്പില്‍കരോട്ട് ഷെബിന്‍ തങ്കച്ചന്‍, പാടിചിറ കരോട്ട് ജിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ന്യായവിരുദ്ധമായി സംഘം ചേരല്‍, ജോലി തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേ സമയം, കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. ഐപിസി 283, 143,147,149 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞു വെച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.