ആലപ്പുഴ: ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ പിടി അധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. കൂടുതല്‍ അന്വേഷണത്തിനു ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 15 നാണ് കാട്ടൂരില്‍ 13 വയസ്സുകാരന്‍ പ്രജിത്ത് സ്‌കൂള്‍ വിട്ടു വന്നശേഷം യൂണിഫോമില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ലാസ്റ്റ് പിരിയഡ് ക്ലാസില്‍ വൈകിയെത്തിയതിന് പിടി അധ്യാപകന്‍ ശകാരിക്കുകയും അടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മനം നൊന്താണ് പ്രജിത്ത് മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. അധ്യാപകരായ ക്രിസ്തു ദാസ് , രേഷ്മ,ഡോളി എന്നിവര്‍ ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുകയും പരസ്യമായി ശാസിക്കുകയും ചെയ്‌തെന്ന് വിദ്യാര്‍ത്ഥികളും പോലീസിന് മൊഴി നല്‍കിയിരുന്നു.