കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് നാട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാക്കരുതെന്ന് മുന്‍ മന്ത്രിയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെകെ ശൈലജ. ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണം, നാടിനെ ഏറെ വിഷമത്തിലാഴ്ത്തിയ ഒന്നാണ് ടി പി ചന്ദ്രശേഖരന് വധം. എന്നാല്‍ അതിന്റെ പേരില്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ തടയരുതെന്ന് കെ കെ ശൈലജ പറഞ്ഞു.
അതേ സമയം, വടകരയില്‍ ഇത്തവണ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പാണെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. മുഴുവന്‍ സീറ്റിലും വിജയിക്കാനുള്ള പരിശ്രമമാണ് മുന്നണി നടത്തുന്നത്. 15 സീറ്റ് ഉറപ്പാക്കും. ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ജനങ്ങള്‍ നല്കിയ സ്നേഹവും പരിഗണയും ഇത്തവണ വോട്ടിലൂടെ പ്രതിഫലിക്കുമെന്നാണ് കരുതുന്നതെന്നും ടീച്ചര്‍ വ്യക്തമാക്കി.