കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം സ്വദേശികളായ ആകാശ് എസ് ഡി, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി സുല്‍ത്താന്‍ബത്തേരി സ്വദേശി ബില്‍ഗേറ്റ് ജോഷ്വാ, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായി, ഇടുക്കി സ്വദേശി അഭിഷേക് എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ മൊഴിയെടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച എട്ടുപേരില്‍ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ആറു പേരും ചേര്‍ന്ന് സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കാരണക്കാരായവരുടെ ഇതുവരെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപ്പട്ടിക നീളുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരി 18-നായിരുന്നു ഹോസ്റ്റല്‍ ബാത്ത് റൂമില്‍ നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥിനെ സീനിയേഴ്‌സ് ചേര്‍ന്ന് റാഗ് ചെയ്തതായി കുടുംബം പരാതി നല്‍കിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നല്‍കിയിരുന്നു.