തൃശൂര്‍: തിരൂരില്‍ നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടയില്‍നിന്ന് അഴുകിയ നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ തമിഴ്നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ജയസൂര്യനും അയാളുടെ പിതാവും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തിയെന്നാണ് ശ്രീപ്രിയ മൊഴി നല്‍കിയത്. ശ്രീപ്രിയ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് ജയസൂര്യനൊപ്പം മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്.
ശ്രീപ്രിയയുടെ സഹോദരി വിജയ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് ശ്രീപ്രിയയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തിരൂരിലെ വാടകവീട്ടില്‍ വെച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും സഹോദരി വിജയ പറഞ്ഞു. ശ്രീപ്രിയയെ തേടി ചേച്ചി വിജയയും ഭര്‍ത്താവും വെള്ളിയാഴ്ച്ച രാവിലെ തിരൂരിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. കുട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ശ്രീപ്രിയ പറഞ്ഞത്. അതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.