തൊടുപുഴ: ഇടുക്കിയില്‍ മലയിഞ്ചി പറിക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. സംഭവത്തില്‍ നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് കാട്ടുതീ പടര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ സജീവമായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താന്‍ വേണ്ട നടപടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.അതിനിടെയാണ് ഇന്ന് രാവിലെ ഇന്ദിര രാമകൃഷ്ണന് കാട്ടാനയുടെ ചവിട്ടേറ്റത്. ഉടന്‍ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.