മലപ്പുറം: വന്യജീവി അക്രമണത്തില്‍ ഇന്ന് ഒരു മരണം കൂടി. മലപ്പുറം മഞ്ചേരിയിലാണ് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചത്. ഷഫീഖ്(40) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കാട്ടുപന്നി കുറുകെ ചാടിയതോടെ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കോഴിക്കോടും തൃശ്ശൂരും രണ്ട് മരണങ്ങളാണ് ഇന്നലെ വന്യജീവി അക്രമണത്തില്‍ നടന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മഞ്ചേരിയിലെ സംഭവം. സംസ്ഥാനത്ത് വന്യജീവി അക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജില്ലകളിലെ ജനവാസ മേഖലയിലേക്ക് വന്യജീവികള്‍ ഇറങ്ങിവരികയാണ്. വനംവകുപ്പും സര്‍ക്കാരും സംഭവത്തിനെതിരെ ശാശ്വതപരിഹാരം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലയിടത്തും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
കാട്ടുപോത്തിന്റെ ആക്രമത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ കക്കയത്ത് ഇന്ന് ഹര്‍ത്താലാണ്. അബ്രഹാമിന്റെ പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാവിലെ നടക്കും. വൈകുന്നേരം നാലു മണിയോടെയാണ് സംസ്‌കാരം നടക്കുക. അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.