Newsperseconds.com

വര്‍ണ്ണാഭമായ മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി നാടും നഗരവും; ജനസാഗരം തീര്‍ത്ത് ആലുവ മണപ്പുറം

Untitled 1

ആലുവ: വിപുലമായ ശിവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ക്ഷേത്രങ്ങള്‍. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ടൊരു ഉത്സവമാണ് മഹാശിവരാത്രി. എല്ലാ ശിവ ക്ഷേത്രങ്ങളിലും അന്ന് വിശേഷ ദിവസമാണ്. കൈലാസനാഥനായ ശ്രീ പരമേശ്വരന്റെ പേരില്‍ ആചരിക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന രാത്രിയാണ്. ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ഇന്ന് പ്രത്യേക പൂജകളും ചടങ്ങുകളും നടക്കും. വ്രതാനുഷ്ഠാനങ്ങളോടെയാണ് ഈ ദിവസം ആചരിക്കുന്നത്.

ശിവരാത്രി ദിവസം ഭക്തര്‍ ശിവ ക്ഷേത്ര ദര്‍ശനം നടത്തുകയും കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമെല്ലാം ശിവനു വേണ്ടിയാണ്. ശിവരാത്രി വ്രതം എടുത്തു ശിവാരാധന നടത്തുന്നത് ഐശ്വര്യപൂര്‍ണ്ണവും ദുരിതനാശകരവുമാണ് എന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിലെ പരിപാടികളോട് അനുബന്ധിച്ച് ശിവരാത്രി ആഘോഷങ്ങള്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കേരളത്തില്‍ ശിവരാത്രി ദിവസം ഏറ്റവും വിപുലമായ രീതിയിലുള്ള ആഘോഷങ്ങള്‍ നടക്കുന്നത് എറണാകുളം ജില്ലയിലെ ആലുവ ക്ഷേത്രത്തിലാണ്. ശിവരാത്രി ദിവസം മരിച്ചവര്‍ക്ക് വേണ്ടി പിതൃബലി അര്‍പ്പിക്കുന്നത് ഏറ്റവും പുണ്യകരമാണ് എന്ന വിശ്വാസമുണ്ട്. പുലര്‍ച്ചെ പിതൃക്കള്‍ക്ക് ബലി തര്‍പ്പണം നടത്താന്‍ ലക്ഷക്കണക്കിനാളുകളാണ് ആലുവയില്‍ എത്തുക. ആലുവ ശിവരാത്രി മണപ്പുറത്ത് അന്ന് രാത്രി വലിയ രീതിയിലുള്ള ആഘോഷമാണ് നടക്കുക. ഉച്ചയോടെ തന്നെ ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്ത് എത്തുന്നത്.

വൈക്കം മഹാദേവക്ഷേത്രം, കോഴിക്കോട് തളി മഹാദേവക്ഷേത്രം, തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം, കോട്ടയം തിരുനക്കര മഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം ശിവക്ഷേത്രം,തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രം, മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രം, ഓച്ചിറ പരബ്രഹ്മക്ഷേത്രം, മമ്മിയൂര്‍ മഹാദേവക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്രം, അഞ്ചല്‍ അഗസ്ത്യക്കോട് മേജര്‍ ശ്രീ മഹാദേവര്‍ ക്ഷേത്രം, തുടങ്ങിയ കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കാറുണ്ട്. നിരവധി ആളുകളാണ് ശിവരാത്രിക്ക് ഇവിടെ എത്തുന്നത്. കേരളത്തിലെ ഉത്സവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായാണ് ശിവരാത്രി ആഘോഷിക്കപ്പെടുന്നത്.

Share this Article

Leave a Comment