കോഴിക്കോട്: വിശുദ്ധറമദാനിലെ ആദ്യവെള്ളിയാഴ്ച ഇന്ന്. റമദാനിലെ വെള്ളിയാഴ്ചകള്‍ വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന ദിനത്തില്‍ ജുമുഅ നമസ്‌കാരത്തിനായി ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് പള്ളികളില്‍ ഒരുമിച്ചു കൂടും. റമദാനിലെ നാലാമത്തെ നോമ്പാണ് ഇന്ന്. ജുമുഅ നമസ്‌കാരവും അതിനായുള്ള ഒരുമിച്ചു കൂടലുമാണ് ഈ ദിനത്തെ സവിശേഷമാക്കുന്നത്.
റമദാനിലെ വെള്ളിയാഴ്ചകളില്‍ പള്ളികള്‍ വിശ്വാസികളാല്‍ തിങ്ങിനിറയും. രാവിലെ മുതല്‍ ചിലര്‍ പള്ളികളിലെത്തും. റമദാനിലെ ആദ്യ പത്ത് ദിനങ്ങള്‍ കാരുണ്യത്തിന്റെതാണ്. ഖുര്‍ആന്‍ പാരായണവും സല്‍ക്കര്‍മ്മങ്ങളും ഈ ദിവസം അധികരിപ്പിക്കും. ജുമുഅ ഖുത്തുബകളില്‍ പങ്കെടുക്കാന്‍ എത്ര തിരക്കിനിടയിലും വിശ്വാസികള്‍ സമയം കണ്ടെത്തും. ജോലികള്‍ നിര്‍ത്തിവച്ച് കടകള്‍ അടച്ച് നാടും നഗരവും റമദാനിലെ ആദ്യ വെള്ളിയാഴ്ചയെ ഇന്ന് വരവേല്‍ക്കുകയാണ്. പള്ളികളില്‍ ഗാസയില്‍ മരിച്ചുവീഴുന്ന സഹോദരി സഹോദരങ്ങള്‍ക്കായി ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.