Newsperseconds.com

നിറത്തിന്റെയും ജാതിയുടേയും പേരില്‍ അധിക്ഷേപിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധം; മന്ത്രി എം ബി രാജേഷ്

Capture

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. നിറത്തിന്റെ പേരില്‍ മനുഷ്യരെ ഇകഴ്ത്തുന്നതും അധിക്ഷേപിക്കുന്നതും ഇക്കാലത്തെ ഏറ്റവും വലിയ അശ്ലീലങ്ങളിലൊന്നാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആ അശ്ലീലത്തിന്റെ പിന്നിലുള്ളത് വംശീയ മനോഭാവമാണെന്നും ഈ മനുഷ്യത്വ വിരുദ്ധതക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയരണമെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു. നര്‍ത്തകി സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മന്ത്രിയുടെ പ്രതികരണം.

‘നിറത്തിന്റെ പേരില്‍ മനുഷ്യരെ ഇകഴ്ത്തുന്നതും അധിക്ഷേപിക്കുന്നതും ഇക്കാലത്തെ ഏറ്റവും വലിയ അശ്ലീലങ്ങളിലൊന്നാണ്. ആ അശ്ലീലത്തിന്റെ പിന്നിലുള്ളത് വംശീയമായ മനോഭാവമാണ്. മനംപിരട്ടലുളവാക്കുന്ന വംശീയതയുടെ വെളിപ്പെടലാണ് കലാമണ്ഡലത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഒരാളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. മഹാകവി വള്ളത്തോള്‍ സ്ഥാപിച്ച കലാമണ്ഡലത്തിനു തന്നെ അതപമാനമാണ് എന്നതു കൊണ്ട് ആ സ്ഥാപനം അത് തള്ളിപ്പറഞ്ഞു കഴിഞ്ഞു. അത് എത്രയും ഉചിതമായി. കേരള സമൂഹത്തില്‍ ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെ ഉണ്ടാവുന്ന വലതു പക്ഷ അധിനിവേശത്തിന്റെ പ്രകടനം കൂടിയാണ് ഇത്തരം പരാമര്‍ശങ്ങള്‍. നിറം , ശാരീരികമായ പ്രത്യേകതകള്‍, ചെയ്യുന്ന തൊഴില്‍, ജാതി, മതം, ലിംഗപദവി എന്നിവയുടെയെല്ലാം പേരില്‍ മനുഷ്യരെ അധിക്ഷേപിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണ്. അതിനെതിരായി അതിശക്തമായ പ്രതിഷേധമുയരണം. അധിക്ഷേപത്തിനിരയായ ആര്‍.എല്‍.വി രാമകൃഷ്ണന് എന്റെ ഐക്യദാര്‍ഢ്യം’ എന്നാണ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്.

Share this Article

Leave a Comment