കോട്ടയം: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഗ്രൂപ്പായ സൊമാറ്റോയുടെ ഡെലിവറി ഏജന്റുമാര്‍ സമരത്തിലേക്ക്. സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലാണ് സൊമാറ്റോ തൊഴിലാളികള്‍ സമരം ചെയ്യുന്നത്. സിറ്റിയിലെ സൊമാറ്റോ ഏജന്റുമാര്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാതെ പ്രതിഷേധിക്കുകയാണ്. കൂലിയും വെയ്റ്റിംഗ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നതടക്കം പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 18 മണിക്കൂര്‍ സൊമാറ്റോ റൈഡര്‍മാര്‍ പണിമുടക്കും. രാവിലെ ആറിന് തുടങ്ങിയ സമരം രാത്രി 12 വരെ തുടരും. ആലപ്പുഴ, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് സമരം.
ഞങ്ങളുടെ പത്ത് ആവശ്യങ്ങള്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്. ഒരു കാര്യം പോലും കമ്പനിക്ക് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കിലോമീറ്ററിന് 10 രൂപയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ അവര്‍ 5 അല്ലെങ്കില്‍ 6 രൂപ നല്‍കുന്നു. ചില ഹോട്ടലുകളില്‍ ഞങ്ങള്‍ ഒരു മണിക്കൂര്‍ കാത്തിരിക്കുന്നു, അവര്‍ വെയിറ്റിംഗ് ചാര്‍ജ് നല്‍കുന്നില്ല. ഹോട്ടലുകാരുമായി സംസാരിക്കേണ്ട സാഹചര്യം വരെ ഉണ്ടായെന്നും സോമാറ്റോ തൊഴിലാളികള്‍ പറഞ്ഞു. സൊമാറ്റോ ആപ്പ് ഓഫാക്കിയാണ് സമരം. ജില്ലാ ലേബര്‍ ഓഫീസറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ കോട്ടയം ഏറ്റുമാനൂര്‍, സംക്രാന്തി സോണുകളില്‍ തൊഴിലാളികള്‍ തിരുനക്കരയില്‍ ഒത്തു ചേര്‍ന്നു.