സ്‌കൂട്ടറില്‍ ഇരിക്കുന്ന യുവതിയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ തട്ടിപ്പറിച്ചുകൊണ്ടുപോകുന്നതിന്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നെയ്യാറ്റിന്‍കരയിലാണ് സംഭവം. ലിജി എന്ന യുവതിയുടെ മാലയാണ് മോഷ്ടാക്കള്‍ കഴുത്തില്‍ നിന്ന് പറിച്ചെടുത്ത് കൊണ്ടുപോയത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വീട്ടമ്മ ലിജിയുടെ മാലയ്ക്ക് പകരം ബോബി ചെമ്മണ്ണൂര്‍ മാല നല്‍കാമെന്ന് വാക്ക് നല്‍കിയിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ ലിജിയുടെ സങ്കടം കണ്ടതോടെയാണ് ബോബി ചെമ്മണ്ണൂര്‍ സഹായവുമായി രംഗത്തെത്തിയത്.
ലിജി ബൈക്ക് ഓടിച്ച് റോഡിന്റെ സൈഡില്‍ നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം നടക്കുന്നത്. ഹെല്‍മറ്റ് ധരിച്ചു വന്ന രണ്ട് യുവാക്കള്‍ ലിജിയുടെ മാല പറിച്ചെടുത്ത് പോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച ലിജി താഴെവീണു. തുടര്‍ന്ന് ലിജി നിലവിളിച്ചിട്ടും ആരും ഓടിയെത്തിയില്ല. നാട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. ജീവിതത്തിലെ മുവുവന്‍ സമ്പാദ്യവും സ്വരുക്കൂട്ടിയാണ് ലിജി മാല വാങ്ങിച്ചത്. ആ മാലയാണ് യുവാക്കള്‍ നിഷ്പ്രയാസം സെക്കന്റുകള്‍ കൊണ്ട് പറിച്ചെടുത്തത് എന്ന് ആലോചിക്കുമ്പോള്‍ ലിജിക്ക് കരച്ചില്‍ അടക്കാന്‍ ആവുന്നില്ലായിരുന്നു. പ്രതികള്‍ക്കെതിരെ കേസ് കൊടുത്തെങ്കിലും പോലീസിന് ഇതുവരെ ആളെ കണ്ടെത്താനായിട്ടില്ല. വീഡിയോ വൈറലാവുകയും ലിജിയുടെ കണ്ണീര്‍ കാണുകയും ചെയ്ത ബോബി ചെമ്മണ്ണൂര്‍ ലിജിക്ക് സ്വര്‍ണ്ണ മാല നല്‍കുമെന്ന് അറിയിക്കുകയായിരുന്നു.