അട്ടപ്പാടിയില്‍ സോളാര്‍ ലൈറ്റിനെ ആശ്രയിച്ചു കഴിയുന്ന 7 വിദൂര ആദിവാസി ഊരുകളില്‍ വൈദ്യുതിയെത്തിച്ചു. 6.2 കോടി രൂപ മുടക്കി 92 വീടുകളിലാണ് വൈദ്യുതിയെത്തിച്ചത്. തടികുണ്ട്, മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ ഊരുകാരുടെ വര്‍ഷങ്ങളായിട്ടുള്ള സ്വപ്‌നമാണ് നിറവേറിയത്. ചിണ്ടക്കിയില്‍ നിന്ന് 15 കിലോമീറ്റര്‍ മണ്ണിനടിയില്‍ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി ഊരുകളിലേക്ക് എത്തിച്ചിരിക്കുന്നത്.
ഊരുകളില്‍ വൈദ്യുതി കണക്ഷന്‍ എത്തി സ്വിച്ചിട്ടതോടെ ഊരുവാസികളുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. നാല് ട്രാന്‍സ്‌ഫോര്‍മറുകള്‍, 8547 മീറ്റര്‍ ലോ ടെന്‍ഷന്‍ എബിസി എന്നിവയാണ് വിതരണ ശൃംഖലയില്‍ ഉള്ളത്. 6.2 കോടിയുടെ പദ്ധതിയാണ് അട്ടപ്പാടിയിലെ ഊരുകളിലേക്ക് വൈദ്യുതി എത്തിക്കാനായി നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.