കോഴിക്കോട്: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ നഴ്സിങ്ങ് ഓഫിസര്‍ പി ബി അനിതക്ക് നിയമനം നല്‍കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ തൈറോയ്ഡ് സര്‍ജറി കഴിഞ്ഞ യുവതി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയെ പിന്തുണച്ച് നിര്‍ണ്ണായകമായ മൊഴി നല്‍കിയ അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിനെതിരെ അനിത ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി ലഭിച്ചിരുന്നു. ഈ ഏപ്രില്‍ ഒന്നിന് അനിതയെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അനിതയെ കുറ്റവിമുക്തയായ ഹൈക്കോടതി സര്‍വീസ് റെക്കോഡില്‍ അക്കാര്യം രേഖപ്പെടുത്തരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവിന്റെ ബലത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാനെത്തിയ അനിതയെ പ്രതികാരനടപടിയായി പുറത്തു നിര്‍ത്തുകയായിരുന്നു അധികൃതര്‍.
കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറാകത്തതില്‍ പ്രതിഷേധിച്ചാണ് അനിത സമരം നടത്തിയത്. അനിതയെ ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതുമായി 4 ദിവസമായി അനിത എത്തുന്നുണ്ടെങ്കിലും ജോലിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. തുടര്‍ന്ന് അനിത മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം നടത്തുകയും പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കോടതി വിധി പരിശോധിക്കാന്‍ എടുത്ത സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായത്. അത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കാനുള്ള ഉത്തരവ് അധികം വൈകാതെ ഇറങ്ങുമെന്നാണ് അറിയിച്ചത്. മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി നല്‍കിയ യുവതിയെ മൊഴി മാറ്റിക്കാന്‍ 6 വനിതാ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയ സംഭവം അനിത അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് 6 വനിത ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുന്‍പില്‍ ഭീഷണി സ്ഥിരീകരിച്ച് മൊഴി നല്‍കിയ അനിതയെയും ചീഫ് നഴ്സിങ് ഓഫിസര്‍, നഴ്സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി.