തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ 14 ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കനത്ത ചൂടില്‍ ഇടമഴ ചെറിയ തോതില്‍ ആശ്വാസം പകരുമെന്നാണ് കരുതുന്നത്. താപനില കൂടിയ പാലക്കാട് ജില്ലയില്‍ അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് പാലക്കാടിന് പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പതിനാലാം തീയതി 5 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ പ്രവചനം. അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.