Newsperseconds.com

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷുപ്പുലരിയില്‍ മലയാളികള്‍

Capture

കണ്ണനെ കണി കണ്ടും കൈനീട്ടം നല്‍കിയും സമൃദ്ധിയുടെ കാഴ്ചകള്‍ ഒരുക്കി നാടെങ്ങും വിഷു ആഘോഷത്തില്‍. ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഈ വിഷുദിനം ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. മണ്ണിനോട് മനസ്സു ചേര്‍ക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വിഷു. കൈവിട്ടുപോയ കാര്‍ഷിക കേരളത്തിന്റെ നല്ല കാഴ്ചകളെ മുഴുവന്‍ ഓട്ടുരുളിയില്‍ ചേര്‍ത്ത് വച്ച് ഇനിയൊരാണ്ടിനെ ഐശ്വര്യ പൂര്‍ണമാക്കുകയാണ് മലയാളി. എല്ലാ വിധ ഐശ്വര്യവും പ്രതീക്ഷയുമാണ് വിഷുക്കണിയിലൂടെ അര്‍ത്ഥമാക്കുന്നത്.

കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഒരോ വിഷുവും. നിറഞ്ഞ് ജ്വലിക്കുന്ന നിലവിളക്കിന് മുന്നില്‍ മഞ്ഞനിറമുള്ള കൊന്നപ്പൂക്കള്‍. സ്വര്‍ണ്ണക്കളര്‍ ഓട്ടുരുളിയില്‍ കാര്‍ഷിക കേരളം അതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയും കണി കണ്ടുണരുകയാണ്. കണി കണ്ടതിന് ശേഷം കുടുബത്തിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് തരുന്ന കൈനീട്ടം അനുഗ്രഹവും സന്തോഷവുമാണ്. പിന്നെ വീട്ടുകാര്‍ ഒത്തുകൂടിയുള്ള വിഷുസദ്യയുടെ വിഭവക്കൂട്ടുകള്‍ക്ക് എണ്ണം കുറയില്ല. വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞാല്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങള്‍ വേറെയും. കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. ഏവര്‍ക്കും സ്നേഹവും ഐക്യവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരായിരം വിഷു ആശംസകള്‍.

Share this Article

Leave a Comment