സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരപ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ ബുധനാഴ്ച വരെ രാത്രി 11.30 വരെ 0.5 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.