Newsperseconds.com

നാടും നഗരവും പൂരതിമിര്‍പ്പില്‍; ആനകള്‍ക്കും മേളങ്ങള്‍ക്കുമൊപ്പം ആടിത്തിമിര്‍ക്കാന്‍ തൃശ്ശൂരിലേക്കെത്തുന്നത് ലക്ഷങ്ങള്‍

Capture

തൃശ്ശൂര്‍: കേരളത്തിനകത്തും പുറത്തും ഏറ്റവും കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ച തൃശ്ശൂര്‍പൂരം ഇന്ന്. പൂരാവേശത്തില്‍ നാടും നഗരവും ഉണര്‍ന്നു കഴിഞ്ഞു. കനത്ത ചൂടിനെ പോലും വകവെക്കാതെ പതിനായിരങ്ങള്‍ തൃശ്ശൂരിലേക്ക് നാനാഭാഗത്ത് നിന്നും ഒഴുകി തുടങ്ങി. ആവേശം കൊടുമ്പിരികൊള്ളുമ്പോള്‍ തേക്കിന്‍ക്കാട് മൈതാനത്തും രാജവീഥിയിലും ഇന്ന് ആനകള്‍ക്കും മേളങ്ങള്‍ക്കുമൊപ്പം ലക്ഷങ്ങള്‍ ആടിത്തിമിര്‍ക്കും. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 വെള്ളിയാഴ്ച തൃശൂര്‍ താലൂക്കുപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ജില്ലാ കളക്ടറാണ് അവധി സംബന്ധിച്ച നിര്‍ദേശം നല്‍കിയത്

കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയില്‍ സംഗമിക്കും. തുടര്‍ന്ന് വര്‍ണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ അടഞ്ഞു കിടന്ന തെക്കേ ഗോപുരവാതില്‍ ഇന്നലെ രാവിലെ തുറന്നതോടെ പൂരവിളമ്പരമായി. നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുക.

തൃശൂര്‍ പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരത്തില്‍ പങ്കെടുക്കാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകള്‍ വര്‍ഷം തോറും തൃശ്ശൂരില്‍ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.

തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

Share this Article

Leave a Comment