കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കാനുള്ള പരാതി ഡ്രാഫ്റ്റ് ചെയ്തുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഇല്ലാത്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞാണ് വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പത്രസമ്മേളനത്തില്‍ വിവരിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തനിക്കെതിരെ പല ചാനലുകളിലും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടന്നു. വീഡിയോയുടെ പേരില്‍ ആളുകള്‍ ഇല്ലാത്തത് പറഞ്ഞു. ഇതിനെതിരെ ഉറപ്പായും പരാതി നല്‍കുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ പത്രസമ്മേളനത്തിലും സാമൂഹ്യമാധ്യമങ്ങളിലും വ്യക്തിഹത്യ നടത്തി. ഇപ്പോള്‍ വീഡിയോ ഇല്ലെന്ന് പറഞ്ഞതില്‍ സന്തോഷം. ആളുകളെ മിസ് ലീഡ് ചെയ്യാന്‍ തന്റെ പേരുപയോഗിച്ചു. താന്‍ വീഡിയോ ഉണ്ടാക്കി എന്ന തരത്തില്‍ ബുദ്ധിജീവികള്‍ പോസ്റ്റിട്ടു. താനൊരിക്കലും അത്തരം കാര്യം ചെയ്യില്ല. വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പ് വിജയിക്കാന്‍ വന്നയാളല്ലെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.