ആറ്റിങ്ങല്‍: കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണോ മുഖ്യമന്ത്രി പിണറായി വിജയനാണോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ സര്‍ക്കാര്‍ ശരിയായ നിലപാടെടുക്കുന്നത് കൊണ്ടാണ് ബിജെപിക്ക് ഇവിടെ അക്കൗണ്ട് തുറക്കാന്‍ പറ്റാത്തത്. ഇത്തവണയും അത് സംഭവിക്കില്ലെന്ന് ഉറപ്പാണ്. മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷന്‍മാരുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.
ബംഗാളില്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ പോയെന്ന പ്രചാരണം വ്യാജമാണ്. കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നത് ബിജെപിയെ ജയിപ്പിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ മതനിരപേക്ഷതയും ഭരണഘടനയും നിലനില്‍ക്കുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്ന പ്രധാന ചോദ്യം. സംസ്ഥാന അടിസ്ഥാനത്തിലാണ് ഇന്ത്യാ കൂട്ടായ്മ ശക്തം. ബിജെപി വിരുദ്ധവോട്ടുകളുടെ ഏകീകരണമാണ് മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ലക്ഷ്യമിടുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.