കോഴിക്കോട്: വീഡിയോ വിവാദത്തില്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്.
ഇല്ലാത്ത വീഡിയോയുടെ പേരില്‍ തന്നെ വ്യക്തിഹത്യ ചെയ്‌തെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞു. ഇതോടെ വടകരയില്‍ വീഡിയോ വിവാദത്തില്‍ പിന്നെയും പോര് മുറുകുക തന്നെയാണ്. ജനങ്ങള്‍ക്കിടയില്‍ പല വിധത്തില്‍ തെറ്റിധാരണ ഉണ്ടാക്കുകയാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉയര്‍ന്നിരുന്നത്. തനിക്കെതിരായി മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് ഇത് അശ്ലീല വീഡിയോ ആണെന്ന് വരെയുള്ള പ്രചാരണങ്ങള്‍ പലയിടങ്ങളില്‍ നിന്നുമായി വന്നു.