Newsperseconds.com

സംസ്ഥാനത്തെ ആവേശക്കടലാക്കി കൊട്ടിക്കലാശം; ബാന്‍ഡ് മേളവും ഡിജെയുമായി വന്‍ അകമ്പടി; ആത്മവിശ്വാസം ഒട്ടും ചോരാതെ മുന്നണികള്‍; വിധിയെഴുതാന്‍ തയ്യാറായി കേരളക്കര

Ooo

തിരുവനന്തപുരം: സംസ്ഥാനത്തെ ആവേശക്കടലാക്കി പരസ്യപ്രചരണം കൊട്ടിക്കലാശത്തിലേക്ക് എത്തുമ്പോള്‍ നാടും നഗരവും കലാശക്കൊട്ടില്‍ നിറഞ്ഞാടുകയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എങ്ങും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിലൂടെ കടന്നു പോയി. ആത്മവിശ്വാസം ഒട്ടും ചോരാതെ മുന്നണികളും ആവേശതിമിര്‍പ്പിലാണ്. ഇടതുമുന്നണി ഇത്തവണ ചരിത്രം കുറിക്കുമെന്നാണ് അവകാശവാദം. 20 മണ്ഡലങ്ങളും തൂത്തുവാരുമെന്നാണ് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ അവസാനനിമിഷവും യുഡിഎഫ് പറയുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് വീര്യം കൂട്ടാന്‍ ബിജെപിയുമുണ്ട്. പ്രധാനമന്ത്രിയുടെ വാദം പോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപി വിശ്വാസം.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകളായിരുന്നു ഹൈലൈറ്റ്. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളും അവരുടെ അണികളും ഒരേ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടികലാശത്തിന്റെ ആവേശത്തിലാണിപ്പോള്‍ നാട്. കേന്ദ്രങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരുകയാണ് മുന്നണികള്‍. ബാന്‍ഡ് മേളവും ഡിജെയുമായി വന്‍ അകമ്പടിയോടെയാണ് കൊട്ടിക്കലാശം. പാട്ടും ഡാന്‍സും ആര്‍പ്പുവിളികളും അനൗണ്‍സ്‌മെന്റുകളുമായി തെരഞ്ഞെടുപ്പ് പ്രചരണം അതിന്റെ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ആവേശത്തിന്റെ കൊടുമുടിയിലാണ് സ്ഥാനാര്‍ത്ഥികളും അണികളും. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും കൊട്ടിക്കലാശം തിമിര്‍ക്കുകയാണ്.

കൊടും ചൂടിലും ബുദ്ധിമുട്ടുകള്‍ വകവെക്കാതെ ഉയര്‍ന്ന ശബ്ദത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് അവസാന നിമിഷത്തിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അണികള്‍ വോട്ടഭ്യര്‍ത്ഥിക്കുകയാണ്. രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ അതിന്റെ എല്ലാ വിധ പ്രത്യാശയോടും കൂടിയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. സ്ഥാനാര്‍ത്ഥികളുടെ കൂറ്റന്‍ ഫ്‌ലക്‌സുകള്‍ ക്രെയിനുകളില്‍ ഉയര്‍ത്തിയും മറ്റുമാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തെ അടിപൊളിയാക്കുന്നത്. 40 നാള്‍ നീണ്ട പ്രചാരണം ഇന്ന് 6 മണിയോട് തീരുകയാണ്. പ്രധാനമന്ത്രി നിരന്തരമെത്തിയ സംസ്ഥാനമാണ് കേരളം. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ഉള്‍പ്പെടെ മറ്റന്നാള്‍ വിധിയെഴുതും. ഇന്ത്യാസംഖ്യത്തിനും കേരളം പ്രതീക്ഷാ മുനമ്പാണ്. ലോകസ്ഭ തെരഞ്ഞെടുപ്പില്‍ രാജ്യം വരെ ഉറ്റുനോക്കുന്ന കേരളത്തില്‍ എന്ത് സംഭവിക്കുമെന്നത് ഇനി കാത്തിരുന്ന് കാണാം.
20 സീറ്റുകളും സ്വന്തമാക്കാന്‍ മുന്നണികള്‍ പരക്കം പായുമ്പോള്‍ ജനങ്ങള്‍ ആരുടെ കൂടെ നില്‍ക്കുമെന്നത് അവര്‍ ഇതിനോടകം തീരുമാനിച്ചു കഴിഞ്ഞു. വിധിയെഴുതാന്‍ വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തുകളിലേക്ക് എത്തും.

Share this Article

Leave a Comment