എന്താണ് ലോക്‌സഭ തെരഞ്ഞെടുപ്പ്? പലരും ഇതിനുള്ള ഉത്തരം തരുന്നത് കുറച്ച് സംശയത്തോട് കൂടിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് വോട്ട് ചെയ്യുക എന്ന ചോദ്യത്തിന് എസ്എഫ്‌ഐക്കാണ് എന്ന് ഉത്തരം പറഞ്ഞ യുവതലമുറയില്‍ പെട്ട മിടുക്കന്‍മാരും നമ്മുടെ നാട്ടിലുണ്ട്. എസ്എഫ് ഐക്കാണോ എന്ന് അത്ഭുതത്തോടെ ആങ്കര്‍ ചോദിച്ചപ്പോള്‍ അല്ല, ഡിവൈഎഫ്‌ഐക്ക് എന്നായിരുന്നു യുവാവിന്റെ മറുപടി. രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്ന ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഇങ്ങനെയൊരു ലോകത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ നമ്മള്‍ പഠിപ്പിക്കുന്നതെന്താണ്? യുവതലമുറക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലേ എന്ന ചോദ്യത്തിന് പ്രസക്തി ഉണ്ടെങ്കിലും ഇന്ത്യയില്‍ ജീവിക്കുന്ന പൗരന്‍ എന്ന നിലയില്‍ ഇതെല്ലാം അറിയേണ്ടത് അനിവാര്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. നിയമനിര്‍മാണസഭയിലേക്ക് പ്രതിനിധികളെ ജനം നേരിട്ട് തിരഞ്ഞെടുക്കുന്നതാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായം. പൊതുജനങ്ങള്‍ അവരുടെ നേതാക്കളെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിര്‍ണയിക്കാന്‍ തിരഞ്ഞെടുപ്പ് സഹായിക്കുന്നു. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇന്ത്യയില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നു. പ്രധാനമായും എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ തുടങ്ങിയ മൂന്ന് പാര്‍ട്ടികളുടെ പ്രതിനിധികളാണ് മത്സരിത്തിനിറങ്ങുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും കാലാവധി അഞ്ച് വര്‍ഷത്തിനുള്ളില്‍ അവസാനിക്കും. ദിവസങ്ങള്‍ ഇടവിട്ടാണ് ഓരോ സംസ്ഥാനങ്ങളിലെയും മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാവുന്ന തിരഞ്ഞെടുപ്പിനെ പൊതുതിരഞ്ഞെടുപ്പ് എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ അഞ്ച് വര്‍ഷത്തെ കാലാവധിക്ക് മുമ്പായി ഒരു അംഗത്തിന്റെ മരണമോ രാജിയോ മൂലമുണ്ടാകുന്ന തിരഞ്ഞെടുപ്പിനെ ‘ഉപതെരഞ്ഞെടുപ്പ്’ എന്നാണ് വിളിക്കപ്പെടുന്നത്. മൂന്ന് തലങ്ങളിലേക്കാണ് ഇന്ത്യയില്‍ പ്രധാനമായും തിരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റ് പൊതുതിരഞ്ഞെടുപ്പ് (ലോക്സഭ), നിയമസഭ തിരഞ്ഞെടുപ്പ്, രാജ്യസഭാ തിരഞ്ഞെടുപ്പ് എന്നിങ്ങനെയാണ്. ഇപ്പോള്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പാണ്.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധോ മണ്ഡലമാണ് ലോക്സഭ. രാജ്യത്തെ ലോക്സഭാ നിയോജക മണ്ഡലങ്ങളില്‍ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇതിലെ അംഗങ്ങള്‍. അഞ്ചു വര്‍ഷമാണ് കാലാവധി. ലോക്‌സഭയിലെ ആകെ അംഗസംഖ്യ 545 ആണ്. 543 പേരെ ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് ജനങ്ങളാല്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നു മറ്റു 2 പേരെ ‘ആംഗ്ലോ ഇന്ത്യന്‍’ വിഭാഗത്തില്‍ നിന്നും രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നു. 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും ലോകസഭയിലേക്ക് മത്സരിക്കാം. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. ‘പാര്‍ലമെന്റ് അംഗങ്ങള്‍’ എന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ മന്ത്രിമാരുടെ കൗണ്‍സിലിന്റെ ഉപദേശപ്രകാരം രാഷ്ട്രപതി പിരിച്ചുവിടുന്നത് വരെയോ സ്ഥാനത്തിരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അറിയപ്പെടുന്നത്. ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയത്തിനുശേഷം 2009 മുതല്‍ കേരളത്തില്‍ താഴെ പറഞ്ഞിരിക്കുന്ന 20 ലോക്സഭാമണ്ഡലങ്ങളാണുള്ളത്.
- കാസര്‍ഗോഡ്
- കണ്ണൂര്‍
- വടകര
- വയനാട്
- കോഴിക്കോട്
- മലപ്പുറം
- പൊന്നാനി
- പാലക്കാട്
- ആലത്തൂര്‍
- തൃശ്ശൂര്‍
- ചാലക്കുടി
- എറണാകുളം
- ഇടുക്കി
- കോട്ടയം
- ആലപ്പുഴ
- മാവേലിക്കര
- പത്തനംതിട്ട
- കൊല്ലം
- ആറ്റിങ്ങല്‍
- തിരുവനന്തപുരം
ഇന്ത്യയിലെ ലോകസഭാ മണ്ഡലങ്ങള്‍
രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ അടക്കം 543 പേരാണ് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരനപ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരുടെ കണക്ക് ഇങ്ങനെയാണ്..
ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം
സംസ്ഥാനം, എണ്ണം
- ഉത്തര്‍പ്രദേശ്-80
- മഹാരാഷ്ട്ര-48
- വെസ്റ്റ് ബംഗാള്‍-42
- ബീഹാര്‍-40
- തമിഴ് നാട്-39
- മധ്യപ്രദേശ്-29
- കര്‍ണാടക-28
- ഗുജറാത്ത്- 26
- ആന്ധ്രപ്രദേശ്-25
- രാജസ്ഥാന്‍-25
- ഒറീസ- 21
- കേരളം-20
- തെലുങ്കാന-17
- ആസാം-14
- ഝാര്‍ഖണ്ഡ്-14
- പഞ്ചാബ്-13
- ഛത്തീസ്ഖണ്ഡ്-11
- ഹരിയാന-10
- ന്യൂ ഡല്‍ഹി-7
- ജമ്മു കാശ്മീര്‍-6
- ഉത്തരാഖണ്ഡ്-5
- ഹിമാചല്‍ പ്രദേശ്-4
- അരുണാചല്‍ പ്രദേശ്-2
- ഗോവ-2
- മണിപ്പൂര്‍-2
- മേഘാലയ-2
- ത്രിപുര-2
- മിസോറാം- 1
- നാഗാലാന്റ്-1
- സിക്കിം -1
- അന്തമാന്‍ നിക്കോബാര്‍ ദ്വീപ്-1
- ഛണ്ഡിഖണ്ഡ്-1
- ദാമന്‍ ദ്യൂ-1
- ലക്ഷദ്വീപ്-1
- പോണ്ടിച്ചേരി-1
- ദാദ്രാ നഗര്‍ ഹവേലി-1
- ആംഗ്ലോ ഇന്ത്യന്‍ നോമിനി-0
മൊത്തത്തില്‍ : 543സീറ്റുകള്‍