മലപ്പുറം: സിപിഐഎമ്മുമായി സഹകരിക്കുന്നവരെ പിഎംഎ സലാമിന്റെ കൂടെ ഉള്ളവര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. പള്ളികളില്‍ ജോലി ചെയ്യുന്നവരുടെ പണികളയുമെന്നാണ് ഭീഷണി. സമസ്തയിലെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിഭാഗം എല്‍ഡിഎഫിനൊപ്പമാണ്. കേരളത്തില്‍ 18 സീറ്റില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പാണെന്ന് അന്‍വര്‍ പറഞ്ഞു.
അതേ സമയം, വയനാട് മണ്ഡലത്തില്‍ നടക്കുന്നതെല്ലാം ജനങ്ങള്‍ അറിയുന്നുണ്ട്. വോട്ടിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കുമ്പോഴും വയനാട് മണ്ഡലത്തില്‍ ബിജെപി കിറ്റ് വിതരണം നടത്തുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുല്‍ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തിലെത്തും. കൂടാതെ, രാഹുല്‍ ഗാന്ധിക്ക് എതിരെ പറഞ്ഞ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അന്‍വര്‍ വ്യക്തമാക്കി. കൊടി ഉയര്‍ത്താന്‍ പറ്റാത്തതിന്റെ ഉത്തരവാദിത്തം സാദിഖലി തങ്ങള്‍ക്കും പിഎംഎ സലാമിനുമാണ്. സുന്നികളുടെ യോജിപ്പില്‍ ലീഗിന് ഭയമുണ്ട്. യോജിപ്പ് തീരുമാനത്തില്‍ എത്തിയിരുന്നു, എന്നല്‍ അത് തകര്‍ക്കല്‍ ലീഗിന്റെ ആവശ്യമാണ്. സാദിഖലി തങ്ങളുടെ സ്വരം ലീഗിന് ചേര്‍ന്നതല്ലെന്നും അന്‍വര്‍ വ്യക്തമാക്കി.