ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 സംസ്ഥാനത്ത് പുരോഗമിക്കുന്നു. കനത്ത ചൂടിലും വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുവാന്‍ പോളിങ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് 46.02 ശതമാനം ആണ്. ബൂത്തുകളില്‍ വലിയ ക്യൂ പ്രകടമാണ്. പോളിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നത് ആലപ്പുഴയും,ആറ്റിങ്ങലും, കാസര്‍ഗോഡും, പാലക്കാടും, ചാലക്കുടിയുമാണ്.
രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് ഇന്ന് വൈകിട്ട് ആറ് മണിയോട് കൂടി സമാപിക്കും. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുളളത്. ഒരു മണ്ഡലത്തിലും ഇതുവരേയും പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ തന്നെ പ്രമുഖ നേതാക്കളും മലയാള സിനിമയിലെ താരങ്ങളും വോട്ട് രേഖപ്പെടുത്തി. വോട്ടിന് പുറമേ തങ്ങളുടെ അഭിപ്രായങ്ങളും മാധ്യമങ്ങളോട് രേഖപ്പെടുത്തി. സംസ്ഥാനത്ത് വോട്ടെടുപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു.