Newsperseconds.com

സംസ്ഥാനത്ത് പോളിങ് ശതമാനം 70 കടന്നു; ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരില്‍; കുറവ് പത്തനംതിട്ടയില്‍

Capture

സംസ്ഥാനത്ത് ലോക്‌സഭാ വോട്ടെടുപ്പിന്റെ സമയ പരിധി അവസാനിക്കുമ്പോള്‍ കണ്ണൂരില്‍ ഉയര്‍ന്ന പോളിങ്. കേരളത്തില്‍ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. സമാധാനപരമായ രീതിയിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചത്. അവസാനത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പോളിങ് 70.03 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയിരുന്നു.

ചുട്ടു പൊള്ളുന്ന ചൂടിലും വിധിയെഴുതാന്‍ ജനങ്ങള്‍ ബൂത്തുകളിലേക്ക് ഒഴുകി. പ്രമുഖ നേതാക്കളും ചലച്ചിത്ര താരങ്ങളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. രാവിലെ തന്നെ അതത് ബൂത്തുകളില്‍ എത്തി വോട്ടുകള്‍ രേഖപ്പെടുത്തുകയായിരുന്നു. പല സ്ഥലങ്ങളിലും വോട്ടിങ് മെഷീനുകള്‍ തകരാറിലായതിനാല്‍ വോട്ട് ചെയ്യാന്‍ വൈകി. എങ്കിലും പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചിരുന്നു.

കണ്ണൂരിലാണ് ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ മണ്ഡലത്തില്‍ 75.32 ശതമാനം പേരാണ് ജനവിധി കുറിച്ചത്. തൊട്ടുപിന്നില്‍ ആലപ്പുഴയാണ് 74.14 ശതമാനം രേഖപ്പെടുത്തിയത്. പത്തനംതിട്ടയാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലായത്. പത്തനംതിട്ടയില്‍ 63.32 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂരിന് പുറമേ 10 മണ്ഡലങ്ങളിലും 70 ശതമാനത്തിലേറെ പോളിംഗ് ഉയര്‍ന്നു. ആലപ്പുഴ-74.14, ചാലക്കുടി-71.50, തൃശൂര്‍-71.70, പാലക്കാട്-72.20, ആലത്തൂര്‍-72.12, മലപ്പുറം-71.10, കോഴിക്കോട്-72.67, വയനാട്-72.52, വടകര 72.71, കാസര്‍ഗോഡ്-73.84 മണ്ഡലങ്ങളിലാണ് പോളിംഗ് ശതമാനം 70 കടന്നത്.

ഒടുവിലത്തെ കണക്ക് പ്രകാരം മണ്ഡലം തിരിച്ചുള്ള പോളിങ് കണക്കുകള്‍ ഇങ്ങനെയാണ്.
തിരുവനന്തപുരം-66.39, ആറ്റിങ്ങല്‍-69.36, കൊല്ലം-67.79, പത്തനംതിട്ട-63.32, മാവേലിക്കര-65.83, ആലപ്പുഴ-74.14, കോട്ടയം-65.57, ഇടുക്കി-66.34, എറണാകുളം-67.82, ചാലക്കുടി-71.50, തൃശൂര്‍-71.70, പാലക്കാട്-72.20, ആലത്തൂര്‍-72.12, പൊന്നാനി-67.22, മലപ്പുറം-71.10, കോഴിക്കോട്-72.67, വയനാട്-72.52, വടകര-72.71, കണ്ണൂര്‍-75.32, കാസര്‍ഗോഡ്-73.84.

Share this Article

Leave a Comment