തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. പലയിടത്തും വേനല്‍മഴ പ്രതീക്ഷിച്ച പോലെ ലഭിക്കാത്തതിനാല്‍ കനത്ത ചൂടില്‍ വലയുകയാണ് ജനങ്ങള്‍. സുര്യഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ട് പേര്‍ മരിച്ചിരുന്നു. വരും ദിവസങ്ങളില്‍ തീവ്രമായ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്.
ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ പന്ത്രണ്ട് ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ ചൂട് കൂടാമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതല്‍ അംഗനവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.